This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസി നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോസി നദി

Kosi river

കോസി നദി

നേപ്പാളിലെ ഒരു നദി. ഇത് ബിഹാറിലൂടെ ഒഴുകി ഗംഗയുടെ പോഷകനദിയായിത്തീരുന്നു. നേപ്പാളിലെ പര്‍വതനിരകള്‍ കിഴക്കുനിന്നു പടിഞ്ഞാറോട്ടേക്കാണ് കാണപ്പെടുന്നതെങ്കിലും ഇവിടത്തെ നദികള്‍ പ്രധാനമായും വടക്കുനിന്ന് തെക്കോട്ടൊഴുകുന്നവയാണ്. ഈ നദീവ്യൂഹങ്ങള്‍ രാജ്യത്തെ പല വിഭാഗങ്ങളായി വേര്‍തിരിക്കുന്നു എന്നുപറയാം. കര്‍ണാലി (ഗോഗ്ര), സപ്തഗാണ്ഡകി, സപ്തകോസി എന്നിങ്ങനെ മൂന്നു പ്രധാന നദീവ്യൂഹങ്ങളാണ് നേപ്പാളിലുള്ളത്. ഇവയുടെയെല്ലാം ഉദ്ഭവം തിബത്തില്‍ നിന്നാകുന്നു.

ഏഴ് നദികളില്‍നിന്നു രൂപമെടുക്കുന്നതിനാലാണ് ഇതിനെ സപ്തകോസി എന്നു വിളിക്കുന്നത്. കിഴക്കന്‍ നേപ്പാളിന്റെ മുക്കാല്‍ ഭാഗവും (എവറസ്റ്റിനു ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം ഇതില്‍പ്പെടും) കോസി ജലസിക്തമാക്കുന്നു. നേപ്പാളിന്റെ അതിര്‍ത്തിക്കുമപ്പുറം തിബത്തില്‍ ജന്മമെടുക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയുടെ ഉദ്ദേശം 48 കി.മീ. വടക്കുവച്ച് സപ്തകോസി ഒരു മലയിടുക്കിലൂടെ കടക്കുന്നു. ഛത്ര എന്നു പേരുള്ള ഇതിന്റെ താഴ്വരയ്ക്ക് കഷ്ടിച്ച് 5 മുതല്‍ 8 കി.മീ. വരെ മാത്രമേ വീതിയുള്ളൂ. ഈ താഴ്വര കഴിഞ്ഞാലുടന്‍ വടക്കേ ഇന്ത്യയിലെ സമതലങ്ങള്‍ തുടങ്ങുകയായി. കോസിനദി ഈ സമതലത്തിലൂടെയൊഴുകി ഗംഗയില്‍ പതിക്കുന്നു. സംഹാരാത്മകമായ തരത്തില്‍ വളരെപ്പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കങ്ങള്‍ക്ക് പേരുകേട്ട നദിയാണ് കോസി. 24 മണിക്കൂറിനുള്ളില്‍ 10 മീറ്ററിലേറെ വെള്ളം പൊങ്ങുക ഈ നദിയില്‍ ഒരു സാധാരണ പതിവാണ്. 62,400 ച.കി.മീ. വിസ്തൃതിയുള്ള പര്‍വതത്തടമുള്‍ക്കൊള്ളുന്ന ജലമത്രയുംകൂടി ഫലസമ്പുഷ്ടമായ സമതലത്തിലൂടെ കൂലംകുത്തിയൊഴുകിയിറങ്ങുന്നതിനാല്‍ കോസിനദിക്ക് നിശ്ചിതമായ ഒരു പാത ഒരു കാലത്തും ഉണ്ടായിട്ടില്ല. 1947-ല്‍ സ്വാതന്ത്ര്യ പ്രാപ്തിയോടെ, ഛത്ര മലയിടുക്കില്‍ ഒരു അണ കെട്ടിയുയര്‍ത്തി കോസിയിലെ ജലം നിയന്ത്രണാധീനമാക്കുന്നതിനായി ഇന്ത്യയും നേപ്പാളും തമ്മില്‍ ഒരു ഉടമ്പടിയുണ്ടാക്കി. ഗംഗയുടെ വടക്കുഭാഗത്തു കിടക്കുന്ന ബീഹാര്‍ സംസ്ഥാനഭാഗങ്ങളെ അവിചാരിതമായുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിക്കുകയും കഴിയുന്നിടത്തോളം വൈദ്യുതി ഉത്പാദിപ്പിച്ചെടുക്കുകയുമായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

കോസി പദ്ധതി. 1959 ഏ. 30-നാണ് കോസി പദ്ധതിക്കു തറക്കല്ലിട്ടത്. നേപ്പാളിലെ മഹേന്ദ്രരാജാവ് ഹനുമാന്‍നഗറില്‍ ഇതിനു തുടക്കം കുറിച്ചു. നേപ്പാളിലെ 65 ലക്ഷത്തിലേറെ ഏക്കര്‍ ഭൂമിയും ബീഹാറിലെ 32 ലക്ഷം ഏക്കര്‍ ഭൂമിയും നനയ്ക്കാന്‍ ഈ പദ്ധതി സഹായകമാകുമെന്നായിരുന്നു കണക്കൂകൂട്ടല്‍. കോസി പദ്ധതി പൂര്‍ത്തിയായതോടെ വടക്കന്‍ ബീഹാറും നേപ്പാളിന്റെ ചില ഭാഗങ്ങളും ഏറെ സാമ്പത്തികാഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ക്കിടയാക്കുന്ന വെള്ളപ്പൊക്കങ്ങള്‍ ഇല്ലാതായതോടെ കാര്‍ഷികോത്പാദനം ഗണ്യമായ രീതിയില്‍ വര്‍ധിക്കുകയുണ്ടായി. കോസി പദ്ധതിയിലൂടെ സാധ്യമാക്കിയ ജലവൈദ്യുത പദ്ധതിയിലൂടെ പ്രതിവര്‍ഷം 83,290 മെഗാവാട്ട് വൈദ്യുതിയാണ് നേപ്പാള്‍ ഉത്പാദിപ്പിക്കുന്നത്.

നേപ്പാളിനെ 14 മേഖലകളായി വിഭജിച്ചിട്ടുള്ളതില്‍ ഒരു മേഖലയുടെ പേരും കോസി എന്നു തന്നെയാണ്. ഈ മേഖലകള്‍ വീണ്ടും 75 ജില്ലകളായും ഈ ജില്ലകള്‍ 3500-ലേറെ ഗ്രാമങ്ങളായും വിഭജിക്കപ്പെട്ടിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B8%E0%B4%BF_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍